കവിത
കൈതറ,ഞാറ്റടി-വയലേലകള്‍
കൈതമേല്‍ പച്ച
കിളിക്കൂട്ടം ഒച്ച വയ്ക്കുന്നു
എവിടെപ്പോയെന്റെ പച്ചകള്‍
തെങ്ങോല വീശിയിടയ്ക്കിടെ
എത്തിനോക്കിയ കാറ്റുകള്‍
വയലിനുള്ളിലെ നത്തിന്റെ
ശവമടക്കിനു വന്നൊരു
മഞ്ഞുതുള്ളിയോടിന്നലെ
മരണകാര്യം പറഞ്ഞത്രെ
പാളത്തൊപ്പിയണിഞ്ഞൊരാള്‍
പാടത്തില്‍ നീണ്ട പാളത്തില്‍
കൂവിയോടിയ വണ്ടിക്ക്
ചോരയായെന്നു കേള്‍ക്കുന്നു
കടലില്‍താണ സൂര്യന്റെ
വരവുനോക്കുന്നു കുന്നുകള്‍
ഭാഷമാറി ലോറിയേറി
പിച്ചതെണ്ടാന്‍ പോകുന്നു
കായലില്‍നിന്നും ഒരു വരാല്‍
ചൂണ്ടയിട്ടു മനുഷ്യനെ
ആഴമെന്തെന്നു കാണിക്കാന്‍
ഉള്ളിലേക്കു ക്ഷണിക്കുന്നു
കൈതറയ്ക്കു നെറം പോയി
ഞാറ്റടിക്കു ഞൊറിപോയി
ഞാവലിന്റെ മധുരത്തില്‍
ചത്തുപൊങ്ങി ഉറുമ്പുകള്‍
കൈതമേല്‍ പച്ചയാവുന്ന
ഓന്തു മാത്രമൊരത്ഭുതം
വരവേല്‍ക്കുന്നു കൃത്യമായ്
നെറംമാറ്റത്തെയെപ്പൊഴും
...................................