Thursday, June 11, 2015

നാരങ്ങ
വിനോദ് വൈശാഖി


സൂര്യ പ്രകാശത്തിന്‍
മഞ്ഞയെ പകര്‍ത്തി ഞാന്‍
നിന്‍ മുഖം തുടുപ്പിച്ചു.

ആ മുഖം മിനുങ്ങുന്ന രഹസ്യം
എന്നില്‍ത്തന്നെ -
ഒളിപ്പിച്ചിതേവരെ,
പറഞ്ഞില്ലാരോടും ഞാന്‍.

ഒരുനാള്‍
ദാഹം മാറ്റാന്‍
ചിണുങ്ങി നില്ക്കും നിന്നില്‍
പിഴിഞ്ഞുതന്നൂ ഞാനെന്‍
ഹൃദയം രഹസ്യമായ്.
.
തണുപ്പിനുള്ളില്‍ നിന്നെ
കുളിപ്പിച്ചെല്ലാം ചെയ്തൊരാ-
ലസ്യ നിമിഷത്തെ
ഒളിപ്പിച്ചിതേ വരെ .

വിളമ്പില്‍ രണ്ടാമതായ്
പച്ചിലപ്പുറത്തെന്റെ-
കരളില്‍ കണ്ണും നട്ട്
ഓണമുണ്ണുമ്പോള്‍
നിന്റെ ചുവന്ന ചുണ്ടില്‍
ഒരു കൊതി ഞാനെറിഞ്ഞിട്ടു.

തൊട്ടു നീ നാവില്‍ വച്ചു
പറഞ്ഞു ,ഹാ
എന്തൊരു കയ്പാണയ്യ?