Saturday, July 26, 2014

പട്ടുപോയവര്‍

                 
 
                 പട്ടുപോയവര്‍

                വിനോദ് വൈശാഖി


ഉത്സാഹത്തിമിര്‍പ്പില്ല
പിറന്നാളില്ല
കുറ്റിപ്പെന്‍സിലാല്‍
സ്ളേറ്റില്‍ വര കരഞ്ഞൂ;
ജീവിതം മരണത്തെ
തോല്‍പ്പിക്കും
മഹാപര്‍വം.
മഴയില്‍ മരിച്ചവര്‍
താഴേക്കു പമ്മിപ്പമ്മി
ത്തുള്ളിയെത്തുമ്പോള്‍
ഞങ്ങള്‍  തണുപ്പ് കുടിക്കുന്നു,
മാനത്തുനോക്കി മനം
നിറച്ചു,
പൂക്കാ മാവിന്റെ കൊമ്പില്‍
നോക്കി
മാമ്പഴം സ്വപ്നം കണ്ടു,
കണ്ണുകള്‍തമ്മില്‍നോക്കി
പട്ടിണിപ്പൂ കൈമാറി,
വിശപ്പ് കനലാക്കി
മണ്ണപ്പം ചുട്ടെടുത്തു,
വിരലില്‍ താളത്താലെ
മുറുക്കിക്കെട്ടി
എന്നും ഒരുങ്ങിയിരിക്കുന്നു
റീത്തു വയ്ക്കുക നിങ്ങള്‍.
ഹൃദയം കിനാവുകള്‍
ഒഴിഞ്ഞ കടല്‍ച്ചിപ്പി,
മനസ്സ് പൂത്തിരികത്തി
യകന്ന കരിക്കുറ്റി,
പുസ്തകം ബാല്യത്തിലെ
മരിച്ച കലാലയം
അക്ഷരം സ്വപ്നങ്ങളില്‍
എഴുത്തിനിരിക്കുന്നു

അച്ഛനോ നുകം വച്ച്
കഴുത്ത് തകര്‍ത്തവന്‍,
അമ്മയോ ഭാരം താങ്ങി
പട്ടുപോയൊരു ജന്മം,
ഞങ്ങളെത്രയാണെന്നോ!
അളന്നു നാഴിക്കുള്ളില്‍
പത്തായപ്പെരുമയെ
ശ്വസിച്ചു ​ മരിച്ചവര്‍:
കണക്കിന്‍ രേഖയ്ക്കുമേല്‍
നിരന്നു നിന്നൂ ഞങ്ങള്‍,
ഉരുട്ടിനീക്കാനായി
പാര്‍ത്തിരിക്കുന്നൂ നിങ്ങള്‍.
മൃതിച്ചെ​ണ്ടയാല്‍കൊട്ടി-
ക്കൊണ്ടുചെന്നടക്കുവാന്‍
പാറ പൊട്ടിക്കും സ്ഥലത്തേക്ക്
കൊണ്ടു ചെന്നടക്കുവാന്‍-
ചിറകൊച്ചയാല്‍
വീശിപ്പരന്ന്
നീലാകാശം വിഴുങ്ങും
നിന്നെക്കാത്ത്,
കാടുകള്‍ ഇലപൊഴിച്ചിറങ്ങി
അതിരായി
​​മരിച്ച സ്വപ്നം രാത്രി
കിടക്ക വിട്ടുണര്‍ന്നു
മുളഞ്ചീന്തുകള്‍ വന്നു
നിരന്നു സംസാരിച്ചു
"പാത്തുപാത്തിരുട്ടത്തുവന്ന
തീക്കണ്ണന്മാരെപ്പായിച്ച "
വൈലോപ്പിള്ളി
'തീപ്പെട്ടി'യുരച്ചിട്ടു!

ഇലയും പൂവും
ഒരു കാലത്തുമുണ്ടാകില്ല!
തൊലിപൊളിഞ്ഞക-
ത്തെങ്ങും പടരും
'ചിതല്‍കാലം'
                
 
 
 
 




No comments:

Post a Comment