Sunday, August 5, 2012

 കവിത


                                                                കൈതമേല്‍ പച്ച             
കിളിക്കൂട്ടം ഒച്ച വയ്ക്കുന്നു
എവിടെപ്പോയെന്റെ പച്ചകള്‍
തെങ്ങോല വീശിയിടയ്ക്കിടെ
എത്തിനോക്കിയ കാറ്റുകള്‍

വയലിനുള്ളിലെ നത്തിന്റെ 
ശവമടക്കിനു വന്നൊരു
മഞ്ഞുതുള്ളിയോടിന്നലെ 
മരണകാര്യം പറഞ്ഞത്രെ

പാളത്തൊപ്പിയണിഞ്ഞൊരാള്‍
പാടത്തില്‍ നീണ്ട പാളത്തില്‍
കൂവിയോടിയ വണ്ടിക്ക്
ചോരയായെന്നു കേള്‍ക്കുന്നു

കടലില്‍താണ സൂര്യന്റെ 
വരവുനോക്കുന്നു കുന്നുകള്‍
ഭാഷമാറി ലോറിയേറി
പിച്ചതെണ്ടാന്‍ പോകുന്നു

കായലില്‍നിന്നും ഒരു വരാല്‍ ‌
ചൂണ്ടയിട്ടു മനുഷ്യനെ
ആഴമെന്തെന്നു കാണിക്കാന്‍
ഉള്ളിലേക്കു ക്ഷണിക്കുന്നു

കൈതറയ്ക്കു നെറം പോയി
ഞാറ്റടിക്കു ഞൊറിപോയി
ഞാവലിന്റെ മധുരത്തില്‍
ചത്തുപൊങ്ങി ഉറുമ്പുകള്‍

കൈതമേല്‍ പച്ചയാവുന്ന 
ഓന്തു മാത്രമൊരത്ഭുതം
വരവേല്‍ക്കുന്നു കൃത്യമായ് 
നെറംമാറ്റത്തെയെപ്പൊഴും
...................................
കൈതറ,‍ഞാറ്റടി-വയലേലകള്‍

2 comments:

  1. വിനോദ് വൈശാഖി യുടെ പൂതിയ കവിതയാണ് കൈതമേല്‍ പച്ച...പുതിയ സമാഹാരത്തിന്റെ പേരും ഇതുതന്നെ

    ReplyDelete
  2. pachayum padavum aragozhiyunna kalathum manasile pacha mathram vadathirikkatte

    ReplyDelete